വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം; കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മീഷൻ
കൊച്ചി: കൊച്ചിയിൽ 75കാരൻ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. കൊച്ചി പോലീസിനോട് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.
പ്രതിയായ വീട്ടുടമ ശിവപ്രസാദ് ഇപ്പോഴും ഒളിവിലാണ്. കേസിൽ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷെ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്‍റെ ഇടപെടൽ.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാധിത്യക്ക് അയച്ച നോട്ടീസിൽ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ ദേശീയ വനിതാ കമ്മീഷനും ഡിജിപിക്ക് അയച്ച നോട്ടീസിൽ റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം, സർക്കാർ സർവ്വീസിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നു എന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെയും ദേശീയ പട്ടികവർഗ കമ്മീഷന്‍റെയും ഇടപെടൽ.