ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടി; പൊലീസിനെ കുഴപ്പിച്ച് റിജോ

ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടി; പൊലീസിനെ കുഴപ്പിച്ച് റിജോ

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടിയാണ് റിജോ നല്‍കുന്നതെന്നത് പൊലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി, റിജോ കടം വീട്ടിയ 2, 94 ,000 രൂപ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവര്‍ച്ച വിജയകരമായി നടത്തിയത്. മുന്‍പും ബാങ്കില്‍ കവര്‍ച്ച നടത്താന്‍ പ്രതി ശ്രമിച്ചിരുന്നു. നാല് ദിവസം മുന്‍പായിരുന്നു ആദ്യ ശ്രമം. അന്ന് പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. കൊള്ള നടത്തുന്ന സമയത്ത് ഉപയോഗിച്ച ജാക്കറ്റ് പ്രതി വീട്ടിലെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിനിടെയാണ് വീട് വളഞ്ഞ് പ്രതിയെ പൊലീസ് പിടികൂടിയത്.

വിദേശത്ത് നഴ്‌സായ ഭാര്യ നല്‍കിയ പണം റിജോ ധൂര്‍ത്തടിച്ചിരുന്നു. ഏപ്രില്‍ ഭാര്യ വരാനിരിക്കെ പണം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയത്. റിജോയ്ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. കോവിഡ് കാലത്ത് ഗള്‍ഫിലെ ജോലി പോയതോടെയാണ് നീട്ടിലെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )