
പാതിവില തട്ടിപ്പ് കേസ്; ‘മാത്യു കുഴൽനാടന് ഒരു രൂപ പോലും നൽകിയിട്ടില്ല’; അനന്തുകൃഷ്ണനെ റിമാൻഡ് ചെയ്തു
പാതിവില തട്ടിപ്പ്‌ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
രാഷ്ട്രിയക്കാരും, ഉദ്യോഗ്രസ്ഥരും ഉള്‍പ്പെട്ട കേസ് എന്നും സുരക്ഷ വേണം എന്നും പ്രതി അനന്തുകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. നാളെ ജാമ്യ അപേക്ഷ പരിഗണിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷക്കര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണെന്നും അത് നടന്നില്ല അതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തു പറയുന്നു.
അതേസമയം പാതിവില തട്ടിപ്പ് വണ്ടന്‍മേട് പോലീസ് അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുവിന്റെ രണ്ടാമത്തെ അറസ്റ്റ്. ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാതിവില തട്ടിപ്പില്‍ അനന്തുവിനെ പ്രതിയാക്കി വണ്ടന്‍മേട് പോലീസ് കേസെടുത്തിരുന്നു. ആനന്ദകുമാറും ഈ കേസില്‍ പ്രതിയാണ്. അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങും.
പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.