കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ സംസ്‌കാര ചടങ്ങിനെങ്കിലും എത്തണം; വികാരാധീനനായി ഖാര്‍ഖെ
കലബുറുഗി: കര്‍ണ്ണാടക കലബുറുഗി ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വികാരാതീധനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കിലും എന്റെ സംസ്‌കാരത്തിനെങ്കിലും പങ്കെടുക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. ‘കര്‍ണാടകയിലെ കലബുറഗിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കിലും, ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍, എന്റെ ശവസംസ്‌കാര ചടങ്ങിലെങ്കിലും പങ്കെടുക്കണം’ എന്നാണ് അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. സ്വന്തം ജില്ലയായ കലബുറഗിയിലെ ജനങ്ങളുമായാണ് അദ്ദേഹം വൈകാരികമായി ഇടപഴകിയത്.
ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം സംസാരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, കലബുറഗിയില്‍ തനിക്ക് ഇനി ഒരു സ്ഥാനവുമില്ലെന്ന് താന്‍ കരുതുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സിറ്റിംഗ് എംപി ഉമേഷ് ജാദവിനെതിരെ ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണിയാണ് കലബുറഗിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ‘ഇത്തവണ നിങ്ങളുടെ വോട്ട് നഷ്ടമായാല്‍ എനിക്ക് ഇവിടെ സ്ഥാനമില്ലെന്നും നിങ്ങളുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഞാന്‍ വിചാരിക്കും. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളെ പരാജയപ്പെടുത്താന്‍ അവസാന ശ്വാസം വരെ രാഷ്ട്രീയത്തില്‍ തുടരും’ -ഖാര്‍ഖെ പറഞ്ഞു.
ഞാന്‍ ജനിച്ചത് രാഷ്ട്രീയത്തിനുവേണ്ടിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും, ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ ഞാന്‍ പരിശ്രമിക്കും. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനാണ് ഞാന്‍ ജനിച്ചത്, അവര്‍ക്ക് മുന്നില്‍ കീഴടങ്ങാനല്ല’ -ഖാര്‍ഖെ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് തന്റെ തത്വങ്ങള്‍ പാലിക്കാനും അദ്ദേഹം ഉപദേശിച്ചു. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായോ എംഎല്‍എയായോ വിരമിക്കാം. എന്നാല്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുന്നത് വരെ നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനാവില്ലെന്നും സിദ്ധരാമയ്യയോട് ഖാര്‍ഖെ പറഞ്ഞു.