റിയാസ് മൗലവി – സിദ്ധാർത്ഥൻ കേസുകൾ എൽഡിഎഫിന് തലവേദന, ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ മുന്നണിയെ വെട്ടിലാക്കി, മുസ്ലീം വോട്ടുബാങ്കിൽ ചോർച്ചയുണ്ടായേക്കാം

റിയാസ് മൗലവി – സിദ്ധാർത്ഥൻ കേസുകൾ എൽഡിഎഫിന് തലവേദന, ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ മുന്നണിയെ വെട്ടിലാക്കി, മുസ്ലീം വോട്ടുബാങ്കിൽ ചോർച്ചയുണ്ടായേക്കാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലേക്ക് നീങ്ങുന്നതിനിടെ ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ പ്രതിപക്ഷം ആയുധമാക്കുന്നതിൽ പതറി ഇടത് മുന്നണി. റിയാസ് മൗലവിക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടതും, പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വൈകിച്ചതും പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വലിയ പ്രചരണ ആയുധമാക്കിക്കഴിഞ്ഞു.

2019ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് മറിഞ്ഞ അവസ്ഥ ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വപ്രശ്നം തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി വരുന്നതിനിടയിലാണ് റിയാസ് മൗലവിക്കേസ് വിധി പുറത്തുവന്നത്. സിപിഎം -ആർഎസ്എസ് ഒത്തുകളിയുടെ ഭാഗമായാണ് ഈ വിധി ഉണ്ടായതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് സർക്കാർ. കാസർകോട്ട് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആർഎസ്എസുകാരായ മൂന്ന് പ്രതികളാണ് ഊരിപ്പോയത്. സംശയത്തിൻ്റെ ആനുകൂല്യം നൽകി പ്രതികളെ വിട്ടയച്ചപ്പോൾ അന്വേഷണസംഘത്തിൻ്റേയും പ്രോസിക്യൂഷൻ്റെയും ഗുരുതര വീഴ്ചകളിലേക്കാണ് കോടതി വിരൽചൂണ്ടിയത്.

വിധിന്യായത്തിലെ 128 മുതൽ 132 വരെയുള്ള പേജുകളിൽ പോലീസിൻ്റെയും പ്രോസിക്യൂഷൻ്റയും പിടിപ്പുകേടുകളും വീഴ്ചകളും എണ്ണിയെണ്ണി പ്പറയുന്നുണ്ട്. ഏകപക്ഷീയവും നിലവാരമില്ലാത്തതുമായ അന്വേഷണമാണ് നടത്തിയതെന്ന കോടതിയുടെ രൂക്ഷമായ വിമർശനം ആഭ്യന്തരവകുപ്പിൻ്റെ പിടിപ്പുകേടായിട്ടാണ് വിലയിരുത്തുന്നത്. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. റിയാസ് മൗലവിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഫോണോ, മെമ്മറി കാർഡോ പരിശോധിക്കാൻ തയ്യാറായിട്ടില്ല എന്നിങ്ങനെ കേസിൻ്റെ ബാലപാഠം പോലും അറിയാത്ത മട്ടിലുള്ള വീഴ്ചകളെ എടുത്ത് ഉദ്ധരിച്ചാണ് അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കോടതി കണ്ടെത്തിയത്.

മുസ്ലീം വോട്ടുബാങ്കിനെ വൈകാരികമായി ബാധിക്കുന്ന ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തരവകുപ്പിന് ഗുരുതരവീഴ്ച പറ്റിയെന്ന ആരോപണം മറികടക്കാനാണ് അപ്പീൽ പോകുമെന്ന സർക്കാർ നിലപാട്. വിചാരണക്കോടതിയിൽ തെളിവില്ലാത്ത കേസിൽ അപ്പീൽ പോയിട്ടെന്ത് കാര്യമെന്ന ചോദ്യമാണ് ഇതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചുചോദിച്ചത്. കോടതിവിധി ഞെട്ടിച്ചുവെന്ന് ഇന്ന് കോഴിക്കോട്ട് പറഞ്ഞ മുഖ്യമന്ത്രി, മൌലവിയുടെ കുടുംബത്തിന് പരാതിയുണ്ടാകില്ലെന്നും അപ്പീൽ പോകുമെന്നും മറ്റുമുള്ള പ്രതിരോധം മാത്രമാണ് മുന്നോട്ടുവച്ചത്.

ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി തന്നെ പറഞ്ഞുപറ്റിച്ചുവെന്ന സിദ്ധാർത്ഥൻ്റെ പിതാവിൻ്റെ വിമർശനം സർക്കാരിനെ വീണ്ടും വിഷമവൃത്തത്തിൽ ആക്കിയിരിക്കുകയാണ്. തൻ്റെ കുടുംബം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്ന പ്രഖ്യാപനം സർക്കാരിനെതിരെയുള്ള പരസ്യമായ വെല്ലുവിളിയാണ്. സർക്കാർ സിദ്ധാർത്ഥൻ്റ കുടുംബത്തിന് ഒപ്പമാണെന്ന് പറയുമ്പോഴും ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചയെക്കുറിച്ച് തൃപ്തികരമായ മറുപടി പോലും പറയാൻ കഴിയുന്നില്ല. വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്എഫ്ഐ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്ക് നയിച്ചുവെന്ന കേസ് പ്രതിപക്ഷം ഏറ്റെടുത്ത ഘട്ടത്തിലാണ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മാസം ഒമ്പതിന് കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അന്വേഷണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ നൽകാതെ ആഭ്യന്തര വകുപ്പ് തട്ടിക്കളിച്ചു.

സർക്കാരിനേയും മുന്നണിയേയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന രണ്ട് വിഷയങ്ങളിൽ തൃപ്തികരമായ നടപടി ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം ഇടത് മുന്നണിയെയാകെ അലട്ടുന്നുണ്ട്. ആർഎസ്എസ് – സിപിഎം ചങ്ങാത്തമെന്ന കോൺഗ്രസിൻ്റെ നരേറ്റീവിന് ആക്കംകൂട്ടുന്ന സംഭവങ്ങളാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് അടിക്കടി ഉണ്ടാകുന്നത്. റിയാസ് മൗലവിക്കേസിലെ വിധി കൂടാതെ, എൻഡിഎ ഘടകകക്ഷിയായ ജനതാദൾ മന്ത്രി കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നത്, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും, കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനും തമ്മിലുള്ള വ്യവസായ ഇടപാടുകൾ… അടുത്ത ദിവസങ്ങളിൽ ചർച്ചയായ ഇവയെല്ലാം മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )