അയ്യപ്പ ഭക്തരെ ഓടിച്ച് കെഎസ്ആര്‍ടിസി; കുട്ടികളും പ്രായമായവരും അടക്കമുള്ള ഭക്തരോട് ഈ ക്രൂരതയെന്തിന്
പമ്പയില്‍ നിന്നും നിലയ്ക്കലേക്കുള്ള യാത്രയില്‍ ,കെഎസ്ആര്‍ടിസി ബസ്സിന് പിന്നാലെ ഓടേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. സന്നിധാനത്തു നിന്നും നാല് കിലോമീറ്റര്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന പ്രായമായവരെയും ചെറിയ കുട്ടികളെയും വളരെയധികം വലയ്ക്കുന്ന ഒരു സാഹചര്യമാണ് മണ്ഡലകാലം തുടങ്ങിയ രണ്ടാം ദിവസം പോലും പമ്പയില്‍ നിന്നും കാണുവാന്‍ സാധിക്കുന്നത്.11 മണി ആയ സമയത്ത് പമ്പയില്‍ എത്തിയ ഞങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നാലെ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട വലിയ ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാക്കിയത് . ഇതുപോലെതന്നെ നിരവധി ആളുകള്‍ അവിടെ ഉണ്ടായിരുന്നു. കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് മതിയായ രീതിയിലുള്ള ബസ് സര്‍വീസ് ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതിയിലാണ് പമ്പയിലെ കാഴ്ചകള്‍ ചെറിയ കുട്ടികളെന്നോ മുതിര്‍ന്ന് പ്രായമായവരെന്നോ നോട്ടമില്ലാതെ ബസ്സില്‍ കയറുവാന്‍ തിരക്ക് കൂട്ടുന്ന നിരവധി ആളുകള്‍. അന്യസംസ്ഥാന അയ്യപ്പഭക്തരും മലയാളികളും തമ്മില്‍ ബഹളങ്ങള്‍ , അവസാനം ഉന്തലിലും തള്ളലിലും കലാശിക്കുന്നു.
എല്ലാ ത്യാഗവും സഹിച്ച് നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിയാലോ സ്വന്തം വാഹനം കണ്ടുപിടിക്കുക എന്നതാണ് ഭക്തര്‍ക്ക് മറ്റൊരു ടാസ്‌ക് .ബസ് ഇറങ്ങിയാല്‍ കുറേ ദൂരം നടന്നാണ് പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തുവാന്‍ സാധിക്കുന്നത് .പത്തോ പതിനഞ്ചോ വിശ്വാസികള്‍ക്ക് വാഹനത്തില്‍ കയറുവാന്‍ മതിയായ സമയം കൊടുക്കാതെ പോലീസിന്റെ ഭാഗത്തുനിന്നും വാഹനമെടുത്ത് മാറ്റുവാനുള്ള ആക്രോശം, ഇതിന് കൃത്യമായ ഒരു സംവിധാനം ഒരുക്കിയില്ലെങ്കില്‍ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ വളരെയധികം ബുദ്ധിമുട്ടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല .ബസ് സര്‍വീസ് കാര്യക്ഷമമാക്കുക എന്നതു മാത്രമല്ല.പമ്പയില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് തിക്കിലും തിരക്കിലും പെടാതെ സുഗമമായി വാഹനത്തില്‍ കയറുവാനുള്ള സാഹചര്യവും ഒരുക്കണം….