സന്ദീപ് വാര്യര്‍ക്ക് ചുമതല നൽകി കെപിസിസി; പാര്‍ട്ടിയുടെ വക്താവായി നിയമിച്ചു

സന്ദീപ് വാര്യര്‍ക്ക് ചുമതല നൽകി കെപിസിസി; പാര്‍ട്ടിയുടെ വക്താവായി നിയമിച്ചു

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് ചുമതല നല്‍കി കെപിസിസി. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു.ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ സന്ദീപിനെ ഉള്‍പ്പെടുത്തി. അഡ്വ ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്. പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.

പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ 9 ബി ജെ പി കൗണ്‍സിലര്‍മാര്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്റെ ബെനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതര്‍. പാലക്കാട് ബി ജെ പിയിലെ പ്രതിസന്ധി ‘സന്ദീപ് വാര്യര്‍’ ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചിട്ടുണ്ട്.

പാലക്കാട് ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും വിമത കൗണ്‍സിലര്‍മാരെ ബന്ധപ്പെട്ടു. കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണെങ്കില്‍ നഗരസഭ ബിജെപിക്ക് നഷ്ടമാകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )