കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയിലാണ് കേരളവും. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖം, മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം, മനുഷ്യ- വന്യജീവി സംഘര്‍ഷ പരിഹാരം എന്നിവയില്‍ പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ട് വച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്, നികുതിയില്‍ ഉണ്ടായ കുറവ് എന്നിവ മൂലം സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കാന്‍ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപ. ഒപ്പം വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് സ്‌കീമില്‍ നിലപാട് മാറ്റവും പ്രതീക്ഷിക്കുന്നു.

മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2000 കോടി രൂപ.. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനായി 4,500 കോടി രൂപ . തീരദേശ ശോഷണ പരിഹാരത്തിന് 11,650 കോടി രൂപ. മനുഷ്യ-മൃഗ സംഘര്‍ഷ പരിഹാര പദ്ധതികള്‍ക്കായി 1000 കോടി രൂപ. ഇങ്ങനെ നീളുന്നു കേരളത്തിന്റെ പ്രത്യേക പാക്കേജ് ആവശ്യം. കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയര്‍ത്തണം. ദേശീയപാതാ വികസനത്തിന് ഭുമി ഏറ്റെടുക്കുന്നതിന് 25 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുന്നുണ്ട്. ഇതിനായി എടുത്ത കിഫ്ബി വായ്പ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്ന് വെട്ടിക്കുറച്ച പ്രതിസന്ധി പരിഹരിക്കണം. ഇതിനായി 6,000 കോടി രൂപ അധികമായി വായ്പ എടുക്കാന്‍ അനുവദിക്കണം.

സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും എടുക്കുന്ന വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര നിലപാട് തിരുത്തണം. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. നെല്ല് സംഭരണ കേന്ദ്ര വിഹിതം 75 ശതമാനമായി ഉയര്‍ത്തണം. ഇവയ്ക്ക് എല്ലാം പുറമെ ഇത്തവണയും എയിംസ്, സില്‍വര്‍ലൈന്‍ പദ്ധതി, അങ്കമാലി-ശബരി, തലശേരി-മൈസുരു റെയില്‍പാതകള്‍ ഉള്‍പ്പെടെയുള്ള മുന്‍കാല ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )