ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ കേസിൽ അന്വേഷണം കർണാടകയിലേയ്ക്ക്
മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബ് കര്‍ണാടകയില്‍ എന്ന് സംശയം. രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും ചാലിബ് ഭാര്യയോട് പറഞ്ഞതായി വിവരം ലഭിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് ചാലിബിനെ കാണാതായത്. ഓഫീസില്‍നിന്ന് വൈകീട്ട് അഞ്ചേകാലോടെ അദ്ദേഹം ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകുമെന്നും പറഞ്ഞിരുന്നു. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസും എക്സൈസും ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പരിശോധന നടന്നിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
ചാലിബിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ചാലിബ് വീട്ടിലേക്ക് വിളിച്ചത്. രാത്രി 12.18 ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55 ന് കുറച്ചു സമയം ഓണ്‍ ആയിരുന്നു. കാണാതായതിനു ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തു. റവന്യൂ വകുപ്പില്‍ ജോലിചെയ്യുന്ന ചാലിബിന് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരാറുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധു പ്രദീപ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം മൂലം നാട് വിട്ടതാണെന്നും സംശയിക്കപ്പെടുന്നു.