കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇത് കൂടാതെ വീടു കയറി ആക്രമിച്ചതിന് 6 വര്‍ഷം തടവ് ശിക്ഷയും, ആംസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവും, ആയുധം കൈവശം വച്ചതിന് രണ്ട് വര്‍ഷം എന്നിങ്ങനെ പ്രത്യേകം ശിക്ഷയും അനുഭവിക്കണം. സെഷന്‍സ് ജഡ്ജി ജെ. നാസര്‍ ആണ് വിധി പ്രസ്താവിച്ചത്.
സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 7 നായിരുന്നു സംഭവം. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോര്‍ജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയില്‍ നിന്ന് 2.33 ഏക്കര്‍ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു. ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ടേക്കര്‍ നല്‍കിയാല്‍ മതിയെന്നും മുഴുവനും കൊടുത്താല്‍ കുടുംബ വീടിനോട് ചേര്‍ന്ന് ഹൗസിംഗ് കോളനിയാകുമെന്നും ചൂണ്ടിക്കാട്ടി രഞ്ജു തടസം നിന്നു. മാത്യു സ്‌കറിയയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കിടെ തന്റെ വിദേശ നിര്‍മിത റിവോള്‍വറിന് ജോര്‍ജ് കുര്യന്‍ വെടി വയ്ക്കുകയായിരുന്നു.
കേസില്‍ 2023 ഏപ്രില്‍ 24 നാണ് വിചാരണ ആരംഭിച്ചത്. 278 പ്രമാണങ്ങളും റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, തോക്ക് ചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം എന്നീ മുഴുവന്‍ വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷനായി. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ഇതുവരെ ജാമ്യവും ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ് അജയന്‍, അഭിഭാഷകരായ നിബു ജോണ്‍, സ്വാതി എസ്. ശിവന്‍ എന്നിവര്‍ ഹാജരായി.