
ജിതിൻ്റേത് രാഷ്ട്രീയ കൊലപാതകം തന്നെ; കൊലപ്പെടുത്തിയത് ആർഎസ്എസിൻ്റെ പ്രധാനപ്പെട്ട നേതാവ്: രാജു എബ്രഹാം
പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മൃഗീയമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയത്. പ്രതികള്‍ക്കെതിരെ സിപിഐഎം ലോക്കല്‍ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഐഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു. സംഭവത്തില്‍ ബിജെപി കൈകഴുകാന്‍ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താന്‍ കഴിയില്ല.
പെരുനാട്ടിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാള്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളില്‍ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരസ്യമായി ഉണ്ടായാല്‍ മാത്രമേ പൊലീസ് ആ രീതിയില്‍ കേസെടുക്കുകയുള്ളൂ. ജിതിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണ്. കൊല്ലപ്പെട്ട ജിതിന്‍ സിഐടിയുവിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രധാന പ്രവര്‍ത്തകനാണ്. ജിതിനെ വെട്ടിയത് ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മടത്തുംമൂഴി കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ കുത്തിയത് താന്‍ തന്നെയെന്നാണ് പ്രധാന പ്രതി വിഷ്ണു നല്‍കിയിരിക്കുന്ന മൊഴി. തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എട്ട് പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് മടത്തും മൂഴിയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആളുകളുടെ എണ്ണം കൂടി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം കേസില്‍ നിര്‍ണ്ണായകമാകും.
കസ്റ്റഡി അപേക്ഷ പിന്നീട് നല്‍കാനാണ് പൊലീസിന്റെ തീരുമാനം. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതി വിഷ്ണു കാറില്‍ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതികളില്‍ രണ്ട് പേര്‍ മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തിനുമാണ് ഡിവൈഎഫ്ഐ ബന്ധമുണ്ടായിരുന്നത്. മിഥുന്‍ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും സുമിത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ഇവരുടെ ഡിവൈഎഫ്ഐ ബന്ധത്തില്‍ സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു. ആര്‍എസ്എസില്‍ നിന്നുമാണ് ഇരുവരും ഡിവൈഎഫ്ഐയിലേക്ക് വന്നതെന്നും ഏതാനും മാസമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നുമായിരുന്നു ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.