
ജാമ്യത്തിലിറങ്ങി ഗുണ്ടായിസം…പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം
എറണാകുളത്ത് ഹോട്ടലില്‍ അക്രമം നടത്തിയ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കമിട്ട് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് സംഘം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം വൈകിയതിന്റെ പേരില്‍ സാധനങ്ങള്‍ തല്ലി തകര്‍ത്തതിനും ഭീഷണി മുഴക്കിയതിനുമാണ് പള്‍സര്‍ സുനിയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭക്ഷണം വൈകിയതിന് പള്‍സര്‍ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തെന്നും ഹോട്ടല്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തെറി വിളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പള്‍സര്‍ സുനിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നടിയെ ആക്രമിച്ചക്കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയില്‍ മോചിതനായ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍.
2024 സെപ്റ്റംബറിലാണ് കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കര്‍ശനമായ വ്യവസ്ഥകളോടെയാണ് സുനിക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.