ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന് വിലക്ക്

ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന് വിലക്ക്

പാരിസ്: ഇന്ത്യയുടെ പാരാലിംപിക്സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്). ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് പാരിസ് പാരാലിംപിക്സ് നഷ്ടമാകും.

12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 29ന് താരം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയും ഉത്തേജക വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം ശരിവെക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ബിഡബ്ല്യുഎഫ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ടോക്കിയോ പാരാലിംപിക്സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പ്രമോദ്. എസ്എല്‍ 3 വിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥേലിനെ വീഴ്ത്തിയാണ് താരം ഒന്നാമതെത്തിയത്. പാരാലിംപിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു പ്രമോദിന്റേത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )