
‘തരൂർ ഏത് സ്റ്റാറ്റിസ്റ്റിക്‌സ് വെച്ചാണ് പറയുന്നതെന്ന് അറിയില്ല’: വി.ഡി.സതീശൻ
കൊച്ചി: സമീപ കാലത്തിലെ കേരളത്തിന്റെ വ്യവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന ശശി തരൂർ എം.പിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
“നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?”- സതീശന്‍ ചോദിച്ചു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നുണ്ട്.
അതേസമയം തരൂരിന്റെ ലേഖനത്തെ പ്രശംസിച്ച് വ്യവസായ മന്ത്രി പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ‘ഞങ്ങൾ ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. കേരള സാർ.. 100% ലിറ്ററസി സാർ.. എന്ന പരിഹാസം കേട്ടപ്പോൾ കക്ഷിരാഷ്ട്രീയഭേദമന്യെ കേരളത്തിനായി ശബ്ദമുയർത്തിയ ചെറുപ്പക്കാരും ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. ഗവണ്മെന്റുകൾ വരും പോകും. പക്ഷേ നമുക്കൊന്നിച്ച് ഈ നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം. അതിന് ഒറ്റക്കെട്ടായി നമുക്ക് നിൽക്കാൻ സാധിക്കണം’.- പി.രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.