വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മൂന്ന് നിലകളുള്ള വീട് തകര്‍ന്നു വീണ അപകടത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. അതേസമയം കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിശമന സേന, പൊലീസ് സംഘങ്ങള്‍ എന്നിവര്‍ അപകടം നടന്ന സ്ഥലത്തുണ്ട്.

ശനിയാഴ്ച വൈകുന്നേരം 5.15നാണ് മീററ്റിലെ സാകിര്‍ നഗറില്‍ അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഇതേ കെട്ടിടത്തില്‍ തന്നെ ഉടമ ഡയറി ഫാം നടത്തിയിരുന്നതായും രണ്ട് ഡസനിലധികം എരുമകള്‍ കൂടി ഈ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അനുമാനിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അതേസമയം കെട്ടിടത്തിനുള്ളില്‍ 15 പേരുണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ 11 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇതില്‍ ഒന്‍പത് പേരും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരണപ്പെട്ടു. അവശേഷിക്കുന്ന നാല് പേര്‍ക്കായുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

അപകടത്തില്‍ ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട് എങ്കിലും പ്രദേശത്തെ ഇടുങ്ങിയ വഴികള്‍ കാരണം ജെ.സി.ബി പോലുള്ള വാഹനങ്ങള്‍ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )