
തമിഴ്നാട്ടില്‍ ഹിന്ദി വിവാദം ബിജെപിയെ തിരിച്ചടിക്കുന്നു; പാര്‍ട്ടി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയിയുടെ പാര്‍ട്ടിയില്‍ ചേരും
കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബുധനാഴ്ച നടത്തുന്ന ടിവികെ വാര്‍ഷികാഘോഷത്തില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തനിക്ക് ഹിന്ദിയോട് എതിര്‍പ്പില്ല, കേന്ദ്ര സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്ത് രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തമിഴ്‌നാടിന് അവകാശപ്പെട്ട ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
തമിഴ് സംവിധായകന്‍ ബാലയുടെ സഹോദരന്റെ മകളായ രഞ്ജന നാച്ചിയാര്‍ ബിജെപി.കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാഷ അടിച്ചേല്‍പ്പിക്കല്‍ത്തന്നെയാണ് നിലവില്‍ പാര്‍ട്ടി വിടുന്നതിനുള്ള പ്രധാന കാരണം. തനിക്ക് പാര്‍ട്ടിയുമായി മറ്റ് പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്നും രഞ്ജന വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തയാറായിട്ടില്ല.
തമിഴ്‌നാട്ടില്‍ ദേശീയ വിദ്യാഭ്യാസനയവും ഹിന്ദിഭാഷ വിരുദ്ധ വികാരവുമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ വാളെടുത്തിരിക്കുന്നു ഭരണകക്ഷിയായ ഡി.എം.കെ. ഉള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും. തെങ്കാശിയിലെ പാവൂര്‍ഛത്രം, തൂത്തുക്കുടിയിലെ ശരവണന്‍ കോവില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഹിന്ദിയിലെഴുതിയ ബോര്‍ഡ് ഡിഎംകെ പ്രവര്‍ത്തകര്‍ മായ്ച്ചു. പിന്നാലെ ഗിണ്ടിയിലെ പോസ്റ്റ്ഓഫീസിലും ബിഎസ്എന്‍എല്‍ ഓഫീസിലും സമാന പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസവും രണ്ട് റെയില്‍വേസ്റ്റേഷനുകളിലെ ബോര്‍ഡുകളിലെ ഹിന്ദി മായ്ച്ചിരുന്നു.