”നിരപരാധിയാണെങ്കില്‍ വിചാരണയിലൂടെ തെളിയിക്കണം”; മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: ദൃശ്യമാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ മുന്‍ ബി.ജെ.പി. നേതാവും സംവിധായകനുമായ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെയാണ് ഉത്തരവ്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജി കോടതി തള്ളി. മുന്‍ സൈനിക ഉദ്യോഗസ്ഥനെന്ന നിലയിലും ഒരു സെലിബ്രിറ്റി എന്ന നിലയിലും മേജര്‍ രവിയുടെ പ്രസംഗവും വാക്കുകളും പൊതുജനങ്ങള്‍ മുഖവിലക്കെടുക്കുമെന്നതിനാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിരപരാധിയാണെങ്കില്‍ വിചാരണയിലൂടെയാണ് അദ്ദേഹം അത് തെളിയിക്കേണ്ടതെന്നും വിചാരണയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. നിയമപരമായ വിലക്ക് മറികടന്നുകൊണ്ടാണ് അപകീര്‍ത്തി കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി പ്രസംഗത്തിന്റെ പേരില്‍ മേജര്‍ രവിക്കെതിരെ അപകീര്‍ത്തി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി.
2016 മാര്‍ച്ച് 12നാണ് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മേജര്‍ രവി ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്.