സിഎംആര്‍എല്‍-എക്‌സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കും വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കും വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്.

കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യൂ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കം എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും തള്ളിയിരുന്നു.

അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് ഘട്ടങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണ വിജയനുമെതിരെയാണ് മാത്യൂ കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )