തെക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനം വിലക്കി

തെക്കൻ കേരളത്തിൽ തീവ്ര മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനം വിലക്കി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ തീവ്രമഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

അതോടൊപ്പം തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇത് മൂലം കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )