ഓസ്കാർ ലക്ഷ്യമിട്ട് ആടുജീവിതം; പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് ചിത്രത്തിലെ ഗാനം
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്.
ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബർ 17 ന് ഇതിന്റെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ‘ആടുജീവിതം’ സ്വന്തമാക്കിയത് അടുത്തിടെയാണ്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ചിത്രത്തിനു ലഭിച്ചത്.
ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കു വേണ്ടി അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടെന്ന് അടുത്തിടെ എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. പുരസ്കാര സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി എന്ന ഒറ്റക്കാരണത്താൽ തന്റെ ട്രാക്ക് തള്ളിക്കളഞ്ഞു എന്നായിരുന്നു റഹ്മാന്റെ തുറന്നുപറച്ചിൽ.