
100 കോടി ക്ലബ് വിനയാകുമോ? വഴങ്ങാതെ ജി സുരേഷ് കുമാര്‍; ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന താരങ്ങള്‍
മലയാള സിനിമാ മേഖലയിലെ തര്‍ക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന താരങ്ങള്‍. സിനിമകളുടെ കളക്ഷന്‍ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടതായി വിവരം. താരങ്ങള്‍ നിര്‍മാതാവ് ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
മുതിര്‍ന്ന താരങ്ങള്‍ ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. 100 കോടി ക്ലബ് പ്രചരണം വിനയാകുമെന്നും ആശങ്ക. പുറത്തുവരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കം ഉണ്ടാകുമെന്ന് വിലയിരുത്തല്‍. ഫെബ്രുവരിവരിയിലെ കണക്ക് പുറത്ത് വിടുമെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.
താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ സിനിമാ വ്യവസായം തകരും. ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടും’ എന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാര്‍. ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റില്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യമെന്ന് ലിസ്റ്റില്‍ സ്റ്റീഫന്‍ പറഞ്ഞു