
കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ യൂറോപ്പ് കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിക്കും: മുന്നറിയിപ്പുമായി മസ്‌ക്
കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് പശ്ചിമ യൂറോപ്പില്‍ ഭീകരവാദം വര്‍ദ്ധിക്കാനുള്ള സാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക് . വ്യാപകമായ കൂട്ടക്കൊലകളാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ അസൈലത്തിന്റെ (EUAA) കണക്കുകള്‍ പ്രകാരം, 2024 ന്റെ ആദ്യ പകുതിയില്‍ 500,000-ത്തിലധികം അഭയാര്‍ത്ഥി അപേക്ഷകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് എത്തിയെന്നാണ്.ഏകദേശം 24% പേര്‍ ജര്‍മ്മനിയിലും, തുടര്‍ന്ന് ഇറ്റലിയിലും സ്‌പെയിനിലും 17% വീതവും അഭയം തേടി.’കൂട്ട കുടിയേറ്റം ഒരു ഭ്രാന്തന്‍ കാര്യമാണ്’ എന്നായിരുന്നു ടസ്ല, സ്‌പേസ് എക്‌സ് സിഇഒ മസ്‌ക് അഭിപ്രായപ്പെട്ടത്. ഫ്ളോറന്‍സില്‍ നടന്ന ഇറ്റാലിയന്‍ വലതുപക്ഷ ലെഗ നോര്‍ഡ് (നോര്‍ത്തേണ്‍ ലീഗ്) പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ നടത്തിയ വീഡിയോ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്.
‘ഭീകരവാദം വന്നാല്‍ ഒടുവില്‍ യൂറോപ്പില്‍ കൂട്ടക്കൊലകള്‍ ഉണ്ടാകുമെന്നും, അത് സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, എന്നിവയെല്ലാം നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ഇറ്റലിയിലും യൂറോപ്പിലും പൊതുവെ ആക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യൂറോപ്പില്‍ കൂട്ടക്കൊലകള്‍ നമുക്ക് കാണാന്‍ കഴിയുമെന്നും ഇത് വികാസം പ്രാപിച്ച് യൂറോപ്പിനെ ഒരു യഥാര്‍ത്ഥ കൂട്ടക്കൊലയിലേക്ക് നയിക്കുമെന്നും മസ്‌ക് പറഞ്ഞു. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള വിദേശികളുടെ കടന്നുകയറ്റം ‘അത് അനുവദിക്കുന്ന ഏതൊരു രാജ്യത്തിന്റെയും നാശത്തിലേക്ക് നയിക്കും, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമായിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞതായി കൊറിയര്‍ ഡെല്ല സെറ പത്രം റിപ്പോര്‍ട്ട് ചെയ്തു.
‘ലോകത്ത് 8 ബില്യണ്‍ ജനങ്ങളുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഒരു ചെറിയ ശതമാനം 50 ദശലക്ഷം വരുന്ന ഒരു രാജ്യത്ത് എത്തിയാല്‍, അത് ആ രാജ്യത്തെ മറ്റൊരു രാജ്യമാക്കി മാറ്റുമെന്നും മസ്‌ക് വിശദീകരിച്ചു. ‘ഒരു രാജ്യം എന്നത് ഒരു ഭൂമിശാസ്ത്രമല്ല, മറിച്ച് അതില്‍ വസിക്കുന്ന ജനങ്ങളാണ്. ഇതൊരു അടിസ്ഥാന ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഭൂരിഭാഗം വ്യാപാര പങ്കാളികള്‍ക്കും മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ കടുത്ത താരിഫുകളുടെ പ്രശ്‌നത്തെയും മസ്‌ക് അഭിസംബോധന ചെയ്തു, അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ‘വളരെ അടുത്തതും ശക്തവുമായ ഒരു പങ്കാളിത്തം സൃഷ്ടിക്കാന്‍ കഴിയുമെന്നും… ഭാവിയില്‍ സ്വതന്ത്ര വ്യാപാര മേഖലയോടെ ഒരു സീറോ താരിഫ് മേഖലയിലേക്ക് മാറുമെന്നും മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു.