പിണക്കം മാറാതെ ജയരാജന്‍; ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ല…ആത്മകഥ ഉടനെഴുതുമെന്നും ജയരാജന്‍

പിണക്കം മാറാതെ ജയരാജന്‍; ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ല…ആത്മകഥ ഉടനെഴുതുമെന്നും ജയരാജന്‍

കണ്ണൂര്‍ : എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലുളള പിണക്കം തീരാതെ സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുളള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കേണ്ട സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഇ.പി.ജയരാജന്‍ പിന്നീട് നടന്ന പാര്‍ട്ടി കമ്മിറ്റികളില്‍ ഒന്നും പങ്കെടുക്കാതെ പ്രതിക്ഷേധം തുടരുകയാണ്. ശനിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റ്‌റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും ജയരാജന്‍ വിട്ടുനിന്നു. ഇന്ന് പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും ജയരാജന്‍ പങ്കെടുത്തില്ല.

പരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ആറോളിയിലെ വീട്ടില്‍ ഉണ്ടായിട്ടും ഇ.പി.ജയരാജന്‍ പയ്യാമ്പലത്തെ പാര്‍ട്ടി പരിപാടിയിലേക്ക് തിരിഞ്ഞു നോക്കിയില്ല. പിണക്കം മാറ്റിവെച്ച് പാര്‍ട്ടി പരിപാടികളില്‍ സജീവം ആകണമെന്ന് നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊളളാന്‍ ഇ.പി.ജയരാജന്‍ കൂട്ടാക്കുന്നില്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് ജയരാജന്‍ അടുപ്പമുളള നേതാക്കളോടും പ്രവര്‍ത്തകരോടും പറയുന്നത്. ഇതുവരെയുളള രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ആത്മകഥ എഴുതുമെന്നും ഇ.പി.ജയരാജന്‍ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി വിട്ടു നില്‍ക്കുന്നതിന് പ്രത്യേകിച്ച് ഒരു കാരണവും സി.പി.എം നേതൃത്വത്തോട് ഇ.പി.ജയരാജന്‍ പറയുന്നില്ല.

മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി യോഗങ്ങളും പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളും ബഹിഷ്‌കരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ഇ.പി.ജയരാജന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇതാദ്യമല്ല. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എം.വി.ഗോവിന്ദന്‍ ചുമതല ഏറ്റെടുത്തപ്പോഴും ഇ.പി.പാര്‍ട്ടിക്കകത്ത് കലാപക്കൊടി ഉയര്‍ത്തിയിരുന്നു.ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ജയരാജന്‍ ഒരുമാസത്തോളം മാറി നിന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )