
കേരളത്തില്‍ ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് കുറയും; ഇന്ധന സര്‍ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി
കേരളത്തില്‍ ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ വീതം കുറയും. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ് റെഗുലേഷന്‍ ചട്ടം പരിഷ്‌കരിച്ച് കൊണ്ട് പുറപ്പെടുവിക്കുകയും പ്രസ്തുത റെഗുലേഷനില്‍ ഏപ്രില്‍ 2023 മുതല്‍ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പരമാവധി 10 പൈസ വരെ ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ലൈസെന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് കുറയുന്നത്.
സ്വമേധയാ പിരിക്കുന്ന 10 പൈസ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സര്‍ചാര്‍ജ് ആണ് 9 പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്. നിലവില്‍ ഏപ്രില്‍ 2024 മുതല്‍ സെപ്റ്റംബര്‍ 2024 മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജന് പുറമെയുള്ള അധിക സര്‍ചാര്‍ജാണ് ജനുവരി 31 വരെ 9 പൈസ നിരക്കില്‍ തുടര്‍ന്നു പോയിരുന്നത്.
അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജും കൂട്ടി 19 പൈസ ഇന്ധന സര്‍ചാര്‍ജജ് നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരി മുതല്‍ കെഎസ്ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുള്ളു. ഒക്റ്റോബര്‍ 2024 മുതല്‍ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സര്‍ചാര്‍ജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാല്‍ ഫെബ്രുവരി 2025 ല്‍ 19 പൈസയില്‍ നിന്നും 10 പൈസയായി ഇന്ധന സര്‍ചാര്‍ജ് കുറയുകയും ചെയുന്നു. ആയതിനാല്‍, ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.