
‘സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് സ്വാഗതം’; വിവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ
വിവാദങ്ങള്‍ക്ക് പിന്നാലെ ശശി തരൂരിനെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ. മാര്‍ച്ച് 1,2 തീയതികളില്‍ തിരുവനന്തപുരത്താണ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ നടക്കുക. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്‌ഐയുടെ ക്ഷണമുള്ളത്. അതേസമയം സൂറത്തില്‍ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാന്‍ ആകില്ലെന്ന് തരൂര്‍ വ്യക്തമാക്കി.
കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയില്‍ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
പരിപാടിക്ക് തരൂര്‍ ആശംസ നേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്. പുത്തന്‍ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനും, സമാന ചിന്താഗതിക്കാരുമായി സൗഹൃദം സ്ഥാപിക്കാനും, വ്യവസായ-അക്കാദമിക് വിദഗ്ധരില്‍ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള ഒരു വേദിയാകും ഫെസിറ്റിവല്‍.
ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയ പിച്ചിങ് മത്സരങ്ങളും, വിവിധ വര്‍ക്ഷോപ്പുകളും, പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക പ്രതിഭയ്ക്ക് ‘യൂത്ത് സ്റ്റാര്‍ട്ടപ്പ് ഐക്കണ്‍’ അവാര്‍ഡും ഫെസ്റ്റിവലിന്റെ ഭാഗമായി നല്‍കും.