യുവഡോക്ടറുടെ കൊലപാതകം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ഡ്യൂട്ടി ബഹിഷ്കരിച്ച് ഡോക്ടർമാർ
തിരുവനന്തപുരം: പശ്ചിമബംഗാളിൽ കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ച് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു. പി ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, എം ബി ബി എസ് വിദ്യാർഥികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി. കൊൽക്കത്ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. ശനിയാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതായി ഐഎംഎ ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ കുറ്റക്കാരായവരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.
അതേസമയം, സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രംഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ടു.