മതവിശ്വാസത്തില്‍ തൊട്ട പിണറായിക്ക് അടി തെറ്റിയോ…

മതവിശ്വാസത്തില്‍ തൊട്ട പിണറായിക്ക് അടി തെറ്റിയോ…

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മേല്‍വസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളില്‍ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധര്‍മ പരാമര്‍ശം ഏറ്റെടുത്ത ബിജെപി വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഐഎം ആകട്ടെ വിഷയം ബിജെപി ആയുധം ആക്കാതിരിക്കാന്‍ തുടര്‍ പ്രതികരണം വേണ്ട എന്ന നിലപാടിലാണ്. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തില്‍ സിപിഐഎം നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ വിവാദത്തില്‍ മുഖ്യമന്ത്രിയെയും ശിവഗിരി മഠത്തെയും ജി സുകുമാരന്‍ നായര്‍ കടന്നാക്രമിച്ചത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് തിരുത്താനാകില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതര മതത്തിലെ ആചാരങ്ങളില്‍ ഇടപെടാന്‍ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ വസ്ത്രധാരണ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നതാണ് നോക്കി കാണേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇട്ട് പോകണമെങ്കില്‍ പൊയ്‌ക്കോട്ടെ. കാലാകാലങ്ങളില്‍ നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാന്‍ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. നിങ്ങള്‍ തീരുമാനിച്ച് നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഉടുപ്പിട്ട് പോകാന്‍ കഴിയുന്നത് അങ്ങനെ പോകണം. അല്ലാത്തെ അത് നിര്‍ബന്ധിക്കരുതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത് അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )