
രണ്ടാഴ്ചക്കിടെ നാല് ദുബൈ യാത്ര; ശരീരത്തിന്റെ രഹസ്യഭാഗത്തിലടക്കം ഒളിപ്പിച്ച് കടത്തിയത് 14.8 കിലോഗ്രാം സ്വര്‍ണം; ഡിജിപിയുടെ മകളും നടിയുമായ രന്യറാവു അറസ്റ്റില്‍
കോടികളുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ആഭരണങ്ങളായി അണിഞ്ഞും മലദ്വാരം ഉള്‍പ്പെടെയുള്ള ശശീരഭാഗങ്ങളില്‍ ഒളിപ്പിച്ചും 14.8 കിലോ സ്വര്‍ണമാണ് നടി കടത്താന്‍ ശ്രമിച്ചത്. ഡി.ആര്‍.ഐ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഡിആര്‍ഒ ഓഫിസില്‍ നടിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ രന്യ റാവു താന്‍ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. എന്നാല്‍, ഡി.ആര്‍.ഐ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ പൊലീസ് പിന്‍വലിയുകയായിരുന്നു.