ദില്ലി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദില്ലിയില്‍ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങള്‍ക്കൊടുവില്‍ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. 220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയില്‍ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതല്‍ പോളിങ്ങ് ആരംഭിക്കും.
മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നതായിരുന്നു ദില്ലിയിലെ തെരഞ്ഞെടുപ്പ് പോര്. ആംആദ്മി പാര്‍ട്ടിക്കും ബിജെപിക്കും ഒപ്പം കോണ്‍ഗ്രസും കളത്തിലിറങ്ങിയ ഒരു മാസത്തെ പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. നിശബ്ദ പ്രചാരണം തുടരുമ്പോഴും ബിജെപിക്കും അരവിന്ദ് കെജ്രിവാളിനും ഇടയില്‍ കടുത്ത മത്സരമാണ് ദൃശ്യമാകുന്നത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിന്റെ വസതിക്ക് കോടികള്‍ ചെലവാക്കിയതുമാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായത്. എന്നാല്‍ ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാന്‍ കെജ്രിവാളിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ കൂടെ നിന്ന് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ നോക്കുകയാണെന്ന് പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള് ആരോപിച്ചു.
അതേസമയം, തുടക്കത്തിലുണ്ടായ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളില്‍ ശക്തമായ പ്രചാരണം നടത്താന്‍ ബിജെപിക്കായി. 12 ലക്ഷം വരെ വരുമാനം ഉളളവര്‍ ആദായ നികുതി നല്‍കേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഇന്നും ബിജെപി പരസ്യങ്ങള്‍ തുടര്‍ന്നു. ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ദില്ലിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിന്റെ പേര് വാല്മീകി സ്റ്റേഡിയം ആക്കും എന്ന് പ്രഖ്യാപിച്ച ബിജെപി വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ആദ്യം പ്രചാരണത്തില്‍ ഇളക്കമുണ്ടാക്കിയ കോണ്‍ഗ്രസ് അവസാന നാളുകളില്‍ പ്രചാരണത്തില്‍ പിന്നോട്ട് പോയി. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ കെജ്രിവാളിന്റെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തില്‍ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ദില്ലിയിലെ ഫലം.