‘ഷിനിയെ വേദനിപ്പിച്ചാൽ സുജീത്തിനും നോവും’, ഒരുവർഷം മുൻപും ഡോക്ടർ ആക്രമണ പദ്ധതിയിട്ടു

‘ഷിനിയെ വേദനിപ്പിച്ചാൽ സുജീത്തിനും നോവും’, ഒരുവർഷം മുൻപും ഡോക്ടർ ആക്രമണ പദ്ധതിയിട്ടു

തിരുവനന്തപുരം: കുറിയർ നൽകാനെന്ന വ്യാജേന വനിതാ ഡോക്ടർ വീട്ടിലെത്തി യുവതിയെ വെടിവെച്ചു പരിക്കേൽപ്പിച്ചത് ഒരുവർഷത്തെ തയ്യാറെടുപ്പോടെയെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടിൽ ഡോ. ദീപ്തിമോൾ ജോസി(37)നെ ചൊവ്വാഴ്ച വൈകീട്ടാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.

ദീപ്തി മുഖംമറച്ച് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തിൽ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന റിപ്പോർട്ട് ഇങ്ങനെയാണ്, ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഷിനിയുടെ ഭർത്താവ് സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പി.ആർ.ഒ. ആയിരുന്നു സുജീത്ത്.

ഇവിടെവെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. എന്നാൽ സുജീത്ത് ഇവരുമായി അകന്ന്, ശേഷം വിദേശത്ത് ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിർത്താൻ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. ഇതിലുള്ള മാനസികവിഷമമാണ് ഒരു ആക്രമണത്തിലേക്കു നയിച്ചത്.

അടുത്ത സൗഹൃദം നഷ്ടപ്പെട്ടത് ദീപ്തിയെ മാനസികസമ്മർദത്തിലാക്കിയതായാണ് പോലീസ് പറയുന്നത്. സുജീത്തിനോടുള്ള ദേഷ്യത്തിനു കുടുംബത്തെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു ദീപ്തി. ഷിനിയെ വേദനിപ്പിച്ചാൽ സുജീത്തിനു കടുത്ത മാനസികാഘാതമാകുമെന്ന് വിലയിരുത്തിയാണ് ആക്രമണം നടത്തിയത്. ഒരുവർഷം മുൻപുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. അന്ന് പെരുന്താന്നി ചെമ്പകശ്ശേരിയിലെത്തിയെങ്കിലും മടങ്ങിപ്പോയി. പിന്നീട് പലതവണ ആലോചിച്ചശേഷമാണ് കഴിഞ്ഞ ദിവസം നടന്ന എയർപിസ്റ്റൾ ഉപയോഗിച്ചുള്ള ആക്രമണത്തിനു പദ്ധതിയിട്ടത്.

കൊല്ലത്തുനിന്നു മാറി എറണാകുളത്തെ ആശുപത്രിയിൽ ജോലിനോക്കുന്ന സമയത്താണ് ദീപ്തി വ്യാജ നമ്പർപ്ലേറ്റ് തയ്യാറാക്കിയത്. എയർഗൺ ഓൺലൈൻ വഴിയും വാങ്ങി. യുട്യൂബിൽ വീഡിയോകളും സിനിമകളും കണ്ടാണ് എയർപിസ്റ്റൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് തയ്യാറെടുത്തത്.

നേരത്തേതന്നെ സുജീത്തിന്റെ വീടും പരിസരവും കൃത്യമായി അറിയാമായിരുന്നതിനാൽ എളുപ്പത്തിലെത്തി ആക്രമണം നടത്തി ദീപ്തിക്ക് രക്ഷപ്പെടാനുമായി. പൾമനോളജിയിൽ എം.ഡി. നേടിയശേഷം പലയിടത്തും ജോലിചെയ്ത ദീപ്തി ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ക്രിട്ടിക്കൽകെയർ സ്‌പെഷ്യലിസ്റ്റായി ജോലിനോക്കുകയാണ്. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്.

ഇരുന്നൂറോളം ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ദീപ്തി സഞ്ചരിച്ച കാർ കൊല്ലത്ത് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമണത്തിനിരയായ ഷിനിയുടെ കുടുംബാംഗങ്ങളെയും ഭർത്താവ് സുജീത്തിനെയും പോലീസ് ചോദ്യംചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ സുജീത്തിൽനിന്നാണ് ഡോ. ദീപ്തിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ ലഭിച്ചത്. ഇവരുടെ ഫോൺ രേഖകളും വഞ്ചിയൂർ സി.ഐ. ഷാനിസ് എച്ച്.എസിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. കേസ് കൊലപാതകശ്രമത്തിനും അനുവാദമില്ലാതെ ആയുധം കൈവശംവെച്ചതിനുമാണ്. ഡോക്ടറെ കോടതി റിമാൻഡ് ചെയ്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )