വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്
തൃശൂര്‍ പാവറട്ടി എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. പ്രതികളെന്ന് ആരോപണമുള്ള പൊലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തൃശൂര്‍ എസ്സിഎസ്ടി കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസുകാരായ സാജന്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും ആയിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നില്ല.
2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികില്‍ നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു. മുടി മുറിക്കണം എന്നു നിര്‍ദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. മര്‍ദ്ദനവും അപമാനവും സഹിക്കാന്‍ വയ്യാതെ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണവും നടന്നു. അപ്പോഴും പ്രതി പട്ടികയില്‍ പൊലീസുകാര്‍ ഉള്‍പെട്ടിരുന്നില്ല.