കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഷിംല: നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രതിഷേധം. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി ട്രൈബല്‍ ജില്ലയായ ലഹൗള്‍ ആന്‍ഡ് സ്പിതിയില്‍ എത്തിയപ്പോഴാണ് കരിങ്കൊടി ഉയര്‍ത്തി കങ്കണ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഹിമാചലിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് കങ്കണ.
കങ്കണയുമൊത്ത് കാസ നഗരത്തില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ വാഹനവ്യൂഹം അക്രമിച്ചതായി ഹിമാചലിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജയ്റാം താക്കൂര്‍ പറഞ്ഞു. വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും തടയാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷാ വീഴചയുടെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിന് ആണ്. ബിജെപി റാലി നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് പരിപാടി നടത്താന്‍ കോണ്‍ഗ്രസിന് ജില്ലാ ഭരണകൂടം അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ധമാണ് ഇതിനുപിന്നിലെന്നും സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ജയ്റാം താക്കൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, കല്ലേറ് ഉണ്ടായെന്ന ആരോപണത്തില്‍ കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലും ജൂണ്‍ നാലിനാണ് തിരഞ്ഞെടുപ്പ്.