സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം

സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്.

കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്.തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല.

കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനിലയിലും മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കെയർ ഹോമിൽ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും കോളറയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയമായ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗ ഉറവിടം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരൂ. സംസ്ഥാനത്തിന്റെ മറ്റെവിടെയെങ്കിലും കോളറ ലക്ഷണങ്ങളോടെ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വയറിളക്കവും ഛർദിയും ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടണമെന്ന നിർദേശവും ആരോഗ്യവകുപ്പ് നൽകുന്നു.

പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മുന്നറിയിപ്പും വകുപ്പ് നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. നിലവിൽ ഡി.എം.ഒമാരുടെ നേതൃത്വത്തിൽ 15 അംഗ ടീമിനെയാണ് പ്രതിരോധ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )