‘എല്ലാ ശ്രമവും നടത്തും’; അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ്
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അര്‍ജുന്‍റെ വീട്ടില്‍ എത്തിയ ഘട്ടത്തില്‍ തിരച്ചില്‍ വൈകുന്നതിലുളള ആശങ്ക കുടുംബം അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.
അർജുൻ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായ മൂന്ന് പേരെയും കണ്ടെത്താൻ പ്രതിജ്ഞാബദ്ധമെന്ന് കർണാടക സർക്കാർ അറിയിച്ച കാര്യവും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.
അതിനിടെ, അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കോഴിക്കോട്ടെ വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചു. അര്‍ജുന്‍ വര്‍ഷങ്ങളായി ബാങ്കിലെ ഇടപാടുകാരനായിരുന്നെന്നും കുടുംബത്തിന്‍റെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ബാങ്ക് അറിയിച്ചു.