മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദ്ദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ആലപ്പുഴയില്‍ നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്മാന് മര്‍ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഈ കേസ് തള്ളണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍ കല്ലിയൂര്‍, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് എഴുതി തള്ളണമെന്ന റഫര്‍ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആണ് കോടതിയില്‍ നല്‍കിയത്.
മര്‍ദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗണ്മാന്മാര്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു. ഡിസംബര്‍ 16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം. അതേസമയം തന്റെ ഗണ്മാന് പ്രതിഷേധക്കാരെ തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.