അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടക്കം
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്കില്‍ വന്നതാണ്. പൊലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന് വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പ്രതികരിച്ചു.
അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് പ്രദേശത്ത് നിന്നും മടങ്ങുമെന്നാണ് മല്‍പെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചിരുന്നു.
‘പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്. അര്ജുന് മാത്രമല്ല ലോകേഷും ജഗന്നാഥും ഉണ്ട്’, എന്നായിരുന്നു മല്‍പെയുടെ പ്രതികരണം.