
‘നികൃഷ്ടജീവി എന്നോ പരനാറി എന്നോ അല്ല, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്’; ചെന്നിത്തല
നികൃഷ്ടജീവി എന്നോ പരനാറി എന്നോ അല്ല മുഖ്യമന്ത്രിയെ വിളിച്ചത്, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളിച്ചത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും അതിന്റെ പേരിലാണ് വലിയ ബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് വിളിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായതിനെക്കുറിച്ചും ചെന്നിത്തല പരാമര്‍ശിച്ചത്.
മുഖ്യമന്ത്രിയെ ദേഷ്യക്കാരനാക്കി മാറ്റിയ പ്രയോഗം വീണ്ടും ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. നിയമസഭയില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗം ആവര്‍ത്തിച്ചു. അതേസമയം വിഡി സതീശനെ ചെറുതാക്കി കാണിക്കാനാണ് രമേശ് ചെന്നിത്തല ആ പ്രയോഗം നടത്തിയതെന്ന് ഇപി ജയരാജന്‍ ആരോപിച്ചു.