
ഗുജറാത്ത് കലാപക്കേസ്: 14 സാക്ഷികളുടെ സുരക്ഷ പിൻവലിച്ച് കേന്ദ്രം
2002-ലെ ഗോധ്ര കലാപത്തെത്തുടർന്ന് ഗുജറാത്തിലെ വിവിധ ജില്ലകളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട 14 സാക്ഷികളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നീക്കം അവരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എസ്‌ഐടിയുടെ ശുപാർശ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഈ 14 സാക്ഷികൾക്കും 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ നൽകിയിരുന്നു, അത് ഇപ്പോൾ പിൻവലിച്ചു. മഹിസർ ജില്ലയിലെ പണ്ഡർവാഡ ഗ്രാമത്തിൽ താമസിക്കുന്ന 10 പേരും ഇതിൽ ഉൾപ്പെടുന്നു. 2002 ലെ കലാപത്തിൽ ഗ്രാമത്തിൽ 27 പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന നാല് സാക്ഷികൾ ദാഹോദ്, പഞ്ച്മഹൽ ജില്ലകളിലെ താമസക്കാരാണ്.
ഗോധ്ര കലാപം അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടി 2023 നവംബർ 10 ന് 14 സാക്ഷികളുടെ സിഐഎസ്എഫ് സുരക്ഷ നീക്കം ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. 2009 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് ഈ സാക്ഷികൾക്കെല്ലാം സുരക്ഷ ഒരുക്കിയത്.