ലബനനിലെ വെടിനിർത്തൽ ചർച്ച; അമേരിക്കൻ പ്രതിനിധി ബെയ്റൂത്തിൽ
ബെയ്റൂത്ത്: സമാധാനത്തിന് വേണ്ടി ലബനനില്‍ അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് ഹിസ്ബുള്ള അനുകൂല നിലപാടെടുത്തതോടെ, തുടര്‍ ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ പ്രതിനിധി എമസ് ഹോക്സ്റ്റൈന്‍ ബെയ്റൂത്തിലെത്തി. കഴിഞ്ഞയാഴ്ചയാണ് ഈ ശുപാര്‍ശകള്‍ ലബനന് സര്‍ക്കാരിനു കൈമാറിയത്. എന്നാല്‍ ഇതില്‍ ഇസ്രയേല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ളയ്ക്കുവേണ്ടി ലബനന് പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബേരിയാണു ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം 2006 ല്‍ അവസാനിപ്പിച്ച യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിലെ വ്യവസ്ഥകളോടു നീതി പുലര്‍ത്തുന്ന ശുപാര്‍ശകളാണ് അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന. ഇതുപ്രകാരം ഇസ്രയേല്‍-ലബനന് അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുടെ സായുധസാന്നിധ്യം 30 കിലോമീറ്റര്‍ പരിധിയില്‍ ഉണ്ടാവില്ല. ഈ ബഫര്‍സോണില്‍ യുഎന്‍ സമാധാനസേനയും ലബനന് സൈന്യവും കാവല്നില്ക്കും. എന്നാല്‍, വീണ്ടുമൊരു സുരക്ഷാഭീഷണിയുണ്ടായാല് ലബനനില്‍ എവിടെയും കടന്നുകയറാനുള്ള പൂര്‍ണസ്വാതന്ത്ര്യമാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. അതേസമയം കഴിഞ്ഞ 2 മാസത്തിനിടെ ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇരുനൂറിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 1100 കുട്ടികള്‍ക്കു പരുക്കേറ്റെന്നും യുനിസെഫ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ ലബനനില്‍ ആകെ 3516 പേരാണു കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളുമായെത്തിയ 100 ട്രക്കുകള്‍ സായുധസംഘം കൊള്ളയടിച്ചതോടെ മധ്യഗാസയില്‍ ഭക്ഷ്യക്ഷാമം വീണ്ടും കടുത്തു. അതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിന്‍ നഗരത്തിലെ ഖബാത്തിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 3 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 43,972 പേര് കൊല്ലപ്പെട്ടു. 1,04,008 പേര്‍ക്കു പരുക്കേറ്റു. യുദ്ധം 410 ദിവസം പിന്നിടുമ്പോള്‍ ഗാസ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരില്‍ 17,492 പേര് കുട്ടികളാണ്. ഇതില്‍ 825 പേര് ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ് എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുത.