ബാലഭാസ്‌കറിനെ കൊന്നതാണ്, സിബിഐയും സ്വാധീനത്തിന് വഴങ്ങി: കെസി ഉണ്ണി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന് ആവര്‍ത്തിച്ച് പിതാവ് കെ സി ഉണ്ണി. സ്വര്‍ണമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നും ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞതെന്നും പിതാവ് പറഞ്ഞു. ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അര്‍ജുന്‍ നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്. അര്‍ജുന്‍ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആര് ചാകുന്നു, ആരെ കൊല്ലുന്നു എന്നതൊന്നുമല്ല സ്വര്‍ണമാഫിയക്കാരുടെ പ്രശ്നം. അവരുടെ കാര്യം നടക്കണം. ബാലുവിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ മാഫിയയും ഡ്രൈവര്‍ അര്‍ജുനുമാണ്. സിബിഐയും സ്വാധീനത്തിന് വഴങ്ങിയെന്നും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് കെസി ഉണ്ണി മാധ്യമങ്ങളെ കണ്ടത്.
സിബിഐ രണ്ടാമത് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മുഴുവന്‍ ഭാഗവും കിട്ടിയിട്ടില്ല. അപകടമരണമെന്നാണ് രണ്ടാമത്തെയും റിപ്പോര്‍ട്ടിലുള്ളത്. അവരും സ്വാധീനത്തിന് വഴങ്ങിയതായാണ് മനസിലാക്കുന്നത് പിതാവ് പറഞ്ഞു. അര്‍ജുനെതിരായ കേസ് പിന്‍വലിക്കാന്‍ നേരത്തെ സമ്മര്‍ദം ഉണ്ടായിരുന്നു. ഡിവൈഎസ്പി അനന്തകൃഷ്ണന്‍ സമീപിച്ചിരുന്നു. ബാലു ഡ്രൈവ് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ അന്വേഷണസംഘത്തിനോട് പറഞ്ഞത്. അതിന് നഷ്ടപരിഹാരം താന്‍ നല്‍കണമെന്നായിരുന്നു അവന്റെ ആവശ്യം. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കണമെന്നായിരുന്നില്ല. ഒരുകോടി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് കെസി ഉണ്ണി പറഞ്ഞു.
അതേസമയം, അര്‍ജുന്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ് . പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.