രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ബിജെപി എംപിക്കെതിരെ കേസ്
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് ചുടണമെന്ന പരാമര്‍ശം നടത്തിയ ബിജെപി രാജ്യസഭാ എംപി അനില്‍ ബോണ്ടെയ്ക്കെതിരെ കേസ്. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് എം.പി അനില്‍ ബോണ്ടെക്കെതിരെ അമരാവതിയിലെ രാജപേട്ട് പൊലീസ് കേസെടുത്തത്. എഫ്ഐആര്‍ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ സര്‍വകലാശാലയില്‍ സംവരണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് അനില്‍ ബോണ്ടെ ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ഈ ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവരണത്തക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപകടകരവും ബഹുജന്‍ സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞായിരുന്നു അനില്‍ ബോണ്ടെ രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ അമരാവതി എംപി ബല്‍വന്ത് വാങ്കഡേ, എംഎല്‍എ യശോമതി താക്കൂര്‍, മുന്‍ മന്ത്രി സുനില്‍ ദേശ്മുഖ് തുടങ്ങിയവര്‍ അമരാവതി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ബോണ്ടെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധമിരുന്നിരുന്നു.
തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത പ്രകാരം 192, 351, 356 എന്നീ വകുപ്പുകള്‍ പ്രകാരം രാജ്പത് പൊലീസ് സ്റ്റേഷന്‍ ബോണ്ടെയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നാവ് അറുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്ക്കെതിരെ കേസെടുത്തിരുന്നു. ബല്‍ദാന പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോംബെ നേവല്‍ ആന്‍ഡ് ഹാര്‍ബര്‍ പൊലീസ് ആക്ട് പ്രകാരം 351(2), 351(4), 192, 351(3) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സഞ്ജയ് ഗെയ്ക്വാദ് ആണ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന പരാമര്‍ശം നടത്തിയത്.