കൊൽക്കത്ത ബലാത്സംഗം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത ബലാത്സംഗം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡൽഹി: കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ സ്വമേധയ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. രാവിലെ 10:30ന് ആദ്യ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിൽ കക്ഷി ചേരണമെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പത്തിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ രീതിയിൽ മൃതദേഹം കണ്ടത്. കേസില്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് സൂക്ഷ്മപരിശോധനയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. കൽക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയ സാഹചര്യത്തിലുംകൂടിയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായുള്ള പ്രതിഷേധം തുടരുകയാണ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലത്തിലും സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഡോക്ടർമാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡോക്ടർമാരുടെ സംഘടനകളായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് ഓഫ് ഇന്ത്യ (എഫ്എഎംസിഐ), ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസേസിയേഷൻ (ഫോർഡ), അഭിഭാഷകനായ വിശാല്‍ തീവാരി എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )