ബാർ കോഴ ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും
ബാര്‍കോഴ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും.
ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടിരുന്നത്. യോഗത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്‌സും യോഗം നടന്ന ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.
ആരോപണത്തില്‍ കഴിഞ്ഞ ദിവസം അനിമോന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പണം പിരിക്കാന്‍ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തില്‍ അനിമോന്‍ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തില്‍ തുടങ്ങുന്ന ദീര്‍ഘമായ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എല്‍ഡിഎഫിനും സര്‍ക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ ഒളിവിലല്ലെന്നും അനിമോന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈല്‍ ഫോണും ഇന്നലെ ഓണ്‍ ചെയ്തിട്ടുണ്ട്.
അതേസമയം മദ്യനയത്തിന്റെ പേരില്‍ പണംപിരിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചര്‍ച്ചകകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുപോലുമില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും എംബി രാജേഷിന്റെയും രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം മദ്യനയത്തില്‍ ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മദ്യനയത്തില്‍ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്. വിഷയത്തില്‍ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്‌സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും ചോദിച്ച അദ്ദേഹം ടൂറിസം മന്ത്രിക്ക് എന്തായിരുന്നു തിടുക്കമെന്നും ചോദിച്ചു. മദ്യനയത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും ധനകാര്യ സമിതി യോഗവും ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മദ്യനയം മാറ്റത്തില്‍ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മദ്യനയത്തില്‍ നടത്തിയ യോഗത്തിനു ശേഷമാണ് ബാര്‍ ഉടമകള്‍ പണം പിരിക്കാന്‍ ഇറങ്ങിയത്. സൂം മീറ്റിഗില്‍ ബാര്‍ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ? കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.