തൃശൂരിലെ ബാങ്ക് കവർച്ച; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം; സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം

തൃശൂരിലെ ബാങ്ക് കവർച്ച; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം; സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ പട്ടാപ്പകല്‍ കവര്‍ച്ചയില്‍ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി സഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ആണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. കവര്‍ച്ച നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കും. പ്രതി കേരളം വിട്ടോ എന്ന് സംശയിക്കുന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം നടത്തും. പ്രതിസഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭ്യമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശ്ശൂര്‍ റൂറല്‍ എസ് പി വി കൃഷ്ണകുമാര്‍ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ ആയിരുന്നു മോഷണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടറില്‍ കയ്യുറകളും ഹെല്‍മെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാല്‍ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതില്‍ പുറത്തുനിന്നും പൂട്ടുകയായിരുന്നു.

ക്യാഷ് കൗണ്ടറില്‍ എത്തിയ മോഷ്ടാവ് കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നു. കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകള്‍ ആണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് ഹെല്‍മറ്റ് വച്ച് കൈയുറ ധരിച്ചതിനാല്‍ ജീവനക്കാര്‍ക്കും പോലീസിനും ആളെ തിരിച്ചറിയാന്‍ ആയിട്ടില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )