സംസ്ഥാനത്ത് ഇന്നും സർവ്വീസുകൾ മുടക്കി എയർ ഇന്ത്യ; കണ്ണൂരിലും നെടുമ്പാശ്ശേരിയിലും വിമാനങ്ങൾ റദ്ദാക്കി
സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളില്‍ ഇന്നും സര്‍വ്വീസുകള്‍ മുടങ്ങി. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളാണ് ഇന്നും മുടങ്ങിയത്. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. സര്‍വ്വീസ് റദ്ദാക്കിയവയില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും ഉള്‍പ്പെടുന്നു . രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
എന്നാല്‍ കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കത്ത് സര്‍വീസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം പ്രവാസികള്‍ക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട എല്ലാ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ഉടന്‍ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമ്മതിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിന്റെയും പ്രതിഷേധിച്ച ജീവനക്കാരുടെയും യോഗത്തിലാണ് തീരുമാനം.
മുന്‍കൂര്‍ അനുമതിയില്ലാതെ നിരവധി ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതിന് തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ 100-ലധികം ഏയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. കൂട്ട അവധിയില്‍ പോയ 30 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി എയര്‍ലൈന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നീക്കം. അനുമതിയില്ലാതെ അവധിയെടുത്ത ജീവനക്കാര്‍ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വീണ്ടും ഡ്യൂട്ടിയില്‍ എത്തണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും എയര്‍ലൈന്‍ അന്ത്യശാസനം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍കൂര്‍ അറിയിപ്പൊന്നും കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാര്‍ ഒരേ സമയം അവധി എടുത്തതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതെതുടര്‍ന്ന് കേരളത്തിലെയുള്‍പ്പടെ നിരവധി യാത്രക്കാരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. എയര്‍ലൈന്‍ കമ്പനി പിന്നീട് പുതുക്കിയ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ പുറത്തിറക്കുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ വിമാന സര്‍വ്വീസ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു.
‘യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഗ്രൂപ്പ് എയര്‍ലൈനുകള്‍ ഉള്‍പ്പെടെയുള്ള ഇതര ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാനുള്ള അവസരം ഞങ്ങളൊരുക്കി’ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 85 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു. ക്യാബിന്‍ ക്രൂവിന്റെ കുറവിനെത്തുടര്‍ന്ന് പ്രതിദിനം ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ 20 ശതമാനത്തെ ബാധിച്ചിരുന്നു.