‘സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാഗ്യം;ഹേമാ കമ്മിറ്റി നിയമിച്ചത് ധീരമായ തീരുമാനം:’ ഷീല
കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നല്‍കിയതെങ്കിലും അത് മുള്‍ക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാമെന്ന് നടി ഷീല. ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്ന് ഷീല പറഞ്ഞു. ഹേമ കമ്മിറ്റി കൊണ്ടുവരാന്‍ മുന്‍കൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു.
ഫിലിം റിസ്റ്റോറേഷന്‍ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അവര്‍. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് താരം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെപേരില്‍ എത്ര വിമര്‍ശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിര്‍ത്തുനില്‍ക്കുന്നുവെന്നും ഷീല പറഞ്ഞു.
മണ്‍മറഞ്ഞ നടീനടന്മാര്‍ക്ക് അവരുടെ മരണവേളയില്‍ നല്‍കുന്ന ആദരവും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ച് വിശ്രമജീവിതം നയിക്കുന്ന സിനിമാ പ്രവര്‍ത്തകരെ അവര്‍ ജീവിച്ചിരിക്കുന്ന സമയത്തു തന്നെ അംഗീകാരങ്ങള്‍ നല്‍കാനും ആദരിക്കാനും തയ്യാറാകണം. മലയാള സിനിമാ നിര്‍മാണം കേന്ദ്രീകരിച്ചിരുന്ന മദ്രാസിലായിരുന്നു അന്ന് തങ്ങളുടെയെല്ലാം താമസം. സിനിമകള്‍ റിലീസാവുന്നത് കേരളത്തിലും. അങ്ങനെ താന്‍ അഭിനയിച്ച പല സിനിമകള്‍ പോലും കാണാന്‍ സാധിച്ചില്ല. പലതും നഷ്ടപ്പെട്ടു. നല്ല ഗുണനിലവാരത്തില്‍ തിരിച്ചു കിട്ടിയാല്‍ അവയില്‍ പലതും പ്രദര്‍ശിപ്പിക്കാന്‍ ഒടിടി ചാനലുകള്‍ തയ്യാറാണ്. ഈ പശ്ചാത്തലത്തില്‍ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിന്റെ ഈ ഉദ്യമത്തിന് കേരള സര്‍ക്കാര്‍ സര്‍വവിധ പിന്തുണയും നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പഴയ സിനികള്‍ വലിയ ചരിത്രമൂല്യമുണ്ടെന്നും ഷീല പറഞ്ഞു. പഴയ കാലത്തെ ജീവിതരീതികള്‍ അവ പ്രതിഫലിപ്പിക്കുന്നു.
ഈ മാസം 14 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ശില്പശാല നടക്കുക. സയ്യിദ് അഖ്തര്‍ മിര്‍സ, നടി ജലജ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ഇന്ത്യയില്‍ ആധുനിക സിനിമാ റിസ്റ്റോറിങ്ങിനു തുടക്കംകുറിച്ച ശിവേന്ദ്രസിങ് തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ ചരിത്രകാരന്‍ എസ്.തിയോഡര്‍ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.