ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടി സുപ്രീംകോടതിയിൽ

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടി സുപ്രീംകോടതിയിൽ

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നല്‍കിയ നടി സുപ്രീംകോടതിയില്‍. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐടി സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത്, അല്ലാതെ ക്രിമിനല്‍ കേസിന് വേണ്ടി അല്ല- ഹര്‍ജിയില്‍ പറയുന്നു.

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പത് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ആണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

ചൂഷണത്തിനിരയായവര്‍ പരാതിപ്പെടാന്‍ തയ്യാറാവാത്ത പക്ഷം ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കേസിന് സാധ്യതയുള്ള മൊഴി നല്‍കിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണസംഘം മേധാവിക്ക് കൈമാറിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )