ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം നടൻ സന്താനഭാരതി

ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം നടൻ സന്താനഭാരതി

ചെന്നൈ: ബിജെപിയുടെ പോസ്റ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം. തമിഴ്നാട്ടിലെ റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകളാണ് വിവാദത്തിലായിരിക്കുന്നത്. സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനായി അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് വിവിധ പ്രദേശങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’ എന്നായിരുന്നു പോസ്റ്ററിൽ‌ അമിത് ഷായ്ക്ക് നൽകിയ വിശേഷണം. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരും പോസ്റ്ററിലുണ്ടായിരുന്നു. പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം നടത്തുന്നത്. സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )