കളർകോട് അപകടം: വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടായേക്കും
ആലപ്പുഴ: 5 വിദ്യാർത്ഥികളുടെ ജീവൻ കവർന്നെടുത്ത കളർകോട് വാഹനാപകടത്തിൽ കാർ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യത. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയതെന്ന് കണ്ടെത്തി. വാഹനത്തിന് ടാക്‌സി പെര്‍മിറ്റും ഉണ്ടായിരുന്നില്ല.
വൈറ്റിലയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. മഴയുണ്ടായിരുന്നതിനാല്‍ കാര്‍ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസില്‍ ഇടിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കും പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.