ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം
അബുദാബി: വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിനൊരുങ്ങുകയാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ക്ഷേത്ര ദർശനത്തിനെത്തുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നും, ഒരാൾക്ക് പരമാവധി രണ്ടു മണിക്കൂർ ആയിരിക്കും ക്ഷേത്ര ദർശനത്തിന് അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
ഇത്തവണ ദീപാവലി ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി ബാപ്സ് ഹിന്ദുമന്ദിർ തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിലുമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. എല്ലാവർക്കും മികച്ച രീതിയിൽ ക്ഷേത്ര ദർശനം നടത്താനും മറ്റു ചടങ്ങുകളിൽ പങ്കാളികളാകാനുമുള്ള അവസരം ഒരുക്കും. ഒക്ടോബർ 31-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ദീപാവലി ആഘോവും പ്രത്യേക ചടങ്ങുകളും. നവംബർ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദർശനം ഒരുക്കം. രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ചടങ്ങ്.
വലിയ ബാഗുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഹാൻഡ് ബാഗിൽ ആഭരണങ്ങളും മൂർച്ചയുള്ള സാധനങ്ങളും പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ ഒരാളെ രണ്ടു മണിക്കൂർ മാത്രമായിരിക്കും ക്ഷേത്രത്തിൽ ചെലിടാൻ അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് കേന്ദ്രം ഒരുക്കുകയും അവിടെ നിന്നും ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുകയും ചെയ്യും.